2012, ജൂലൈ 14, ശനിയാഴ്‌ച

പ്രണയം

പ്രണയം
കൊടും മഴയത്ത്
വഴിവക്കില്‍
ഒറ്റപ്പെട്ടുപോയ
ഒരു പൂച്ചക്കുഞ്ഞാണ്
കരഞ്ഞു വിളിച്ചു
പിറകെ വരുന്ന
നനഞ്ഞ രോമങ്ങളും
വിറയ്ക്കുന്ന കാലുകളും
വിശപ്പും
അനാഥത്വവും
അമ്മാ,
ഇതിനെ
വഴിയില്‍
നിന്നും കിട്ടിയതാ....
വളര്‍ത്താം?

2012, ജൂൺ 14, വ്യാഴാഴ്‌ച

വെള്ളം

ഞാന്‍ ചിലപ്പോള്‍
കരയിലെക്കോടിയെത്തി
പാതിവഴിയില്‍ തിരിച്ചു പോകുന്ന,
നൂറ്റാണ്ടുകളോളം  അത് തന്നെ
ചെയ്തുകൊണ്ടിരിക്കുന്ന
കടല്‍ത്തിരയാകും

ചിലപ്പോള്‍,
ഭ്രാന്തുമൂത്ത്,
ഒരു ദേശത്തിന്‍റെ
 ചരിത്രം മുഴുവന്‍
ഒറ്റയടിക്ക് മായ്ച്ചു കളഞ്ഞു
കടലിലേക്ക്‌ പായുന്ന പ്രളയം

ചിലപ്പോള്‍
മദ്യത്തിലലിഞ്ഞു ലഹരിയാവാനാണിഷ്ടം
മറ്റു ചിലപ്പോള്‍
പഞ്ചസാര കലര്‍ന്ന മധുരമാവാന്‍

പിന്നെ ചിലപ്പോള്‍
 മാനത്തുപോയി
വെളിച്ചം പുതച്ചു
മഴവില്ലാകും

അത് കഴിഞ്ഞു
കാട്ടുമരങ്ങളുടെ
ഇലകളില്‍ നിന്നും
ഇലകളിലേക്ക്
ഊര്‍ന്നിറങ്ങി
മണ്ണിനെ നനയ്ക്കും

പിന്നെ തളരുമ്പോള്‍,
അമ്മയെടുത്ത്
ഉമ്മവക്കുന്നതിനു മുന്‍പ്
ഒരു കുഞ്ഞിക്കവിളിലൂടെ
നേര്‍ത്ത വരയായി
ഒഴുകും

2012, മേയ് 8, ചൊവ്വാഴ്ച

മരണം



ചന്ദനത്തിരികളുടെ ഗന്ധം 
ഞാന്‍ അറിഞ്ഞുതുടങ്ങിയിരിക്കുന്നു 
എനിക്കുചുറ്റും മൂകത 
കാണികളുടെ നിസ്സംഗത 
ഗ്ലൌസിട്ട് പരസ്പരം കോര്‍ത്ത
കൈവിരലുകള്‍ 
പുതിയ ഷൂസ്, കണ്ണട(ഹ...ഹ... ഹ )
പിന്നെ തണുപ്പ്
മരവിപ്പ്, അന്ധാളിപ്പ് 

എനിക്ക് മുകളില്‍ 
ഇരുണ്ട ആകാശം 
വെള്ളത്തുള്ളികള്‍ ഇറ്റുവീഴുന്ന 
പച്ച ഓലകള്‍ 
നിശബ്ദതയുടെ ഇടവേളകളില്‍ 
അകന്നു പോകുന്ന മണികിലുക്കങ്ങള്‍ 
ജനലുകളില്‍ നിന്നുള്ള എത്തിനോട്ടങ്ങള്‍
കുടകളുടെ ഘോഷയാത്ര

ഇനി, നനഞ്ഞ മണ്ണ്
പൂവിതളുകള്‍, 
ഇരുട്ട്, ഏകാന്തത...

അതും കഴിഞ്ഞ്?
.......അറിയില്ല!

വഴിക്കണക്ക്


രാത്രികളില്‍ 
നിന്‍റെ ഓര്‍മകളുടെ 
കരിമ്പടവും പുതച്ചു 
ഞാന്‍ ഉറങ്ങാന്‍ പോയി 
അതിന്‍റെ പരുപരുത്ത   ഭാരം 
പലപ്പോഴും എന്നെ ഞെരുക്കി 

ഒരിക്കലും വരില്ലെന്നറിഞ്ഞിട്ടും 
എന്തെ ഇന്നലെ വന്നി ല്ല 
എന്ന് ഞാന്‍ പരിഭവിച്ചു 

മറുപകുതിയില്‍
എന്‍റെ സ്വപ്‌നങ്ങള്‍
നിശബ്ദം മരിച്ചു വീണു 

നിന്‍റെ ഉത്തരങ്ങള്‍
എപ്പോഴും ശരിയായിരുന്നു 
പക്ഷെ,
എന്‍റെ വഴികള്‍ക്കും
ഉത്തരങ്ങള്‍ക്കും കീഴെ
എന്നും ചുവപ്പുവരകള്‍ 
അന്ത്യവിശ്രമം കൊണ്ടു.

സേവനവാരം


മണ്ണിനു മറയിട്ട പച്ചപ്പിനെ 
ആയുധങ്ങള്‍ അരിഞ്ഞ് വീഴ്ത്തി
ആളും ആരവവും ഒഴിഞ്ഞപ്പോള്‍ 
ആ ചെടികളുടെ ഇലകളില്‍ 
വീണുറങ്ങിയ,
ചെറു ചില്ലകള്‍ക്കിടയില്‍ 
നൃത്തം  വച്ച  തുമ്പികളും പൂമ്പാറ്റകളും 
വിഭ്രാന്തരായി അവിടെ  പറന്നു നടന്നു 
യുദ്ധക്കളത്തില്‍ കബന്ധങ്ങള്‍ക്കിടയിലൂടെ 
ബന്ധുക്കളെ അന്വേഷിച്ചലയുന്നവരെപ്പോലെ.
പച്ചിലയുടെ മണം!
അതോ പച്ചരക്തത്തിന്‍റെ മണമോ?
അതോ നഷ്ടപ്പെട്ട പച്ചപ്പിന്‍റെ  മണമോ?

സ്വപ്നം

കുഞ്ഞുപൂക്കള്‍ ഉറങ്ങുകയാണോ തോഴാ?
കുയിലിണകളെന്തേ പാടാന്‍ മറന്നു?
ഒരു പക്ഷെ 
ഇതെല്ലാം ഒരു സ്വപ്നമായിരിക്കും അല്ലെ?
അല്ലെങ്കിലും, നിന്‍റെ സ്വപ്‌നങ്ങള്‍ എനിക്കെന്തിനാണ്‌?
ഞാനിവിടെ 
തണുത്തുറഞ്ഞ മൌനത്തിനു 
കാവല്‍ നില്‍ക്കുകയല്ലേ?

2012, മേയ് 7, തിങ്കളാഴ്‌ച

വടക്കുനോക്കിയന്ത്രങ്ങള്‍


നീ തിരിച്ചു പോയ വഴിയല്ലാതെ 
മറ്റു വഴികളൊന്നും എനിക്കറിയില്ല  
അതുകൊണ്ടാണ്   
മടക്കയാത്രയുടെ കറുത്ത   വളവുകളില്‍ 
നീ എന്നെ മാത്രം കണ്ടുമുട്ടുന്നത് 
പണ്ട്   
ഞാന്‍ കരയുന്നത് 
വടക്കുനോക്കിയന്ത്രങ്ങള്‍ 
നിസ്സംഗരായി നോക്കിനില്‍ക്കാറുണ്ടായിരുന്നു 
ഇപ്പോള്‍
എന്‍റെ വഴിതെറ്റലുകള്‍ കണ്ടു 
അവ പൊട്ടിച്ചിരിക്കുന്നത് കണ്ടോ?